ഡിസംബർ 17 ന് കപ്പൽ ഇടിച്ചു തകർത്ത വള്ളത്തിനും, അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന മത്സ്യതൊഴിലാളികൾക്കും നഷ്ട്ട പരിഹാരം അടിയന്തിരമായി നൽകുക; ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള സംവിധാനങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാപകമായ മുറവിളി മത്സ്യത്തിഴിലാളികളിൽ നിന്നും സംഘടനകളിൽ നിന്നും ഉയരുന്നു.
പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ‘ജ്യോഷ്നി ‘ എന്ന വള്ളമാണ് ദുബായ് കപ്പൽ ഇടിച്ചു തകർന്ന് മുങ്ങിയത്. അപകട സമയത്തു ഉണ്ടായിരുന്ന ‘ക്രിസ്തുരാജ ‘ എന്ന വള്ളത്തിലെ തൊഴിലാളികൾ തകർന്ന വള്ളത്തിലെ ശ്രീമാന്മാർ റെയ്മണ്ട് (42) , സഹായം (48), സുബിൻ (38), രഞ്ജു (27) , സഹായ രാജു 53), ജെയിംസ് (56) എന്നീ ആറ് പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം ഉണ്ടായിട്ടും കപ്പൽ നിർത്താതെ പോയതായി അപകടത്തിൽപ്പെട്ടവർ അറിയിച്ചു. തകർന്ന വെള്ളത്തിനും എൻജിനും വലയ്ക്കും മറ്റുമായി ഏകദേശം 6 ലക്ഷം രൂപ വിലയുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ കണക്കാക്കുന്നു.
ഈ വള്ളത്തിനും പരിക്കേറ്റ മത്സ്യതൊഴിലാളികൾക്കും മതിയായ നഷ്ട പരിഹാരം നൽകണമെന്നും, ദുബായ് കപ്പലിനെ എത്രയും വേഗം കണ്ടെത്തണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിയ്ക്കാതിരിക്കുവാൻ, പ്രത്യേകിച്ച് വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിയ്ക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വിവിധ സംഘടനകളും ജനപ്രതിനിധികളും കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
