തിരുവനന്തപുരം തീരത്തു നടപ്പിലാക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി നിർമാണ കരാറിന്  കേരള സർക്കാർ ടെൻഡർ വിളിച്ചു. ജനുവരി 10 ആണ് ടെൻഡർ നൽകുവാനുള്ള അവസാന തീയതി. 17 കോടി രൂപയാണ് ( 16 .96 ) അടങ്കൽ തുക. പൂന്തുറ മുതൽ ശംഘുമുഖം വരെയാണ് പദ്ധതി ഉദ്ദേശിക്കുന്നതെങ്കിലും ആദ്യ ഘട്ടം എന്ന നിലയിൽ പൂന്തുറ മാത്രമാണ് ടെൻഡർ വിളിച്ചിരിയ്ക്കുന്നതു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ TSSS സംഘടിപ്പിച  ഡിസംബർ 9 ന് നടന്ന സെമിനാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഷീൻ ടെക്‌നോളജി (NIOT)  യുടെ പ്രധിനിധി ഡോ. കിരൺ അവകാശപ്പെട്ടത്, ഈ പദ്ധതി ജിയോ ട്യൂബ് മാത്രമായിരിക്കില്ല, ഒപ്പം കൃത്രിമ തീരം നിർമ്മിക്കൽ, പുലിമുട്ട് ബലപ്പെടുത്തൽ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട് എന്നാണു. ഈ പദ്ധതിയുടെ സാങ്കേതിക സേവനത്തിന്റെ കരാർ NIOT ക്കാണ്. 

എന്നാൽ, സർക്കാരിനെ പ്രതിനിധീകരിച്ചു ആരും തന്നെ ഈ പദ്ധതിയുടെ വിശദാമ്ശങ്ങൾ ഇതുവരെ വെളിപ്പെടുത്തുകയോ, വിവരാവകാശം വഴി ആവശ്യപ്പെട്ടവർക്കു പദ്ധതി രേഖ നൽകുവാനോ തയ്യാറായിട്ടില്ല എന്ന് അറിയുന്നു. തമിഴ്‌നാട്  കടലൂർ , തിരുവനന്തപുരം കോവളം എന്നിവടങ്ങളിൽ നടപ്പിലാക്കിയ ജിയോ ട്യൂബ് പദ്ധതി പരാജയമെങ്കിലും, കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചു ഏതു സാങ്കേതിക വിദ്യ ആയാലും കടലാക്രമണം അടിയന്തിരമായി തടയുക എന്നതാണ് ആവശ്യം. കടലിൽ കല്ലിടൽ പോലെ ഇപ്പോൾ ട്യൂബുകൾ ഇടുന്നതും കരാർ അഴിമതിക്ക് ഇടയാക്കും എന്നതിനാൽ ഇക്കാര്യത്തിൽ ഫിഷറീസ് മന്ത്രിയെ ആശങ്ക  അറിയിക്കുവാനും  മന്ത്രിയുടെ ഇടപെടൽ ഉറപ്പു വരുത്തുവാനും ആവശ്യം ഉയർന്നിട്ടുണ്ട്.