അടിമലത്തുറ : സത്യം ചുരളഴിയുമ്പോൾ! 2

പുറമ്പോക്കു ഭവനങ്ങളുടെ പട്ടിക കളക്ടർക്ക് മുൻപ് നൽകിയിരുന്നുവോ ?

പുറമ്പോക്കു തീരത്തു മത്സ്യത്തൊഴിലാളികൾ നിർമ്മിച്ച ഭവനങ്ങൾ സംബന്ധിച്ച വിവരം കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികൃതർക്ക് മുൻപ് അറിവുണ്ടായിരുന്നോ? പട്ടയം , കൈവശാവകാശ രേഖ, വെള്ളവും വൈദ്യുതിയും എന്നിവ ആവശ്യപ്പെട്ട് കലക്ടറേയും തഹസിൽദാറിനെയും വില്ലേജ് ഓഫീസറെയും അടിമലത്തുറ ജനത, ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സമീപിച്ചിരുന്നുവോ ? പുറമ്പോക്കു തീരത്തു ഭവന  നിർമ്മാണം നടത്തിയവരുടെ ലിസ്റ്റ് സർക്കാരിന് നൽകിയിരുന്നുവോ ?  അതോ, ഏഷ്യാനെറ് വാർത്ത വന്നതിനു ശേഷം മാത്രമാണോ ഇക്കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ അറിഞ്ഞത്? 

ഇത് സംബന്ധിച്ച് ഞങ്ങളുടെ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയവയാണ്  ചുവടെ റിപ്പോർട്ട് ചെയ്യുന്നത്:

കഴിഞ്ഞ വർഷം  ( 2019 ) ജൂലൈ 8 ന്  അടിമലത്തുറ ജനങ്ങൾ പുറമ്പോക്ക് ഭവന നിർമ്മാണം സംബന്ധിച്ച ആവലാതികളുമായി ഇടവകയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി ഞങ്ങൾ കണ്ടെത്തി. ഇതോടൊപ്പം 192 കുടുംബങ്ങളുടെ ലിസ്റ്റും നൽകി. സബ് കളക്ടർ, തഹസിൽദാർ, വില്ലേജ്  ഓഫിസർ, എന്നിവർക്ക്  ഈ നിവേദനത്തിന്റെ കോപ്പി  നൽകിയിരുന്നതായും ഞങ്ങൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞു. നിവേദനത്തിന്റെ കാതലായ ഭാഗം ചുവടെ: 

‘…  നാനൂറോളം കുടുംബങ്ങൾ വീടില്ലാതെ കുടുംബവീടുകളിലും, വാടക വീടുകളിലും തിങ്ങി ഞെരുങ്ങി താമസിക്കുകയാണ്. ഇതുവരെ ഈ ഭവന  രഹിതർക്കു,   ഭൂമിയില്ലാത്തവർക്കു, ഒരു ഭവനമോ, ഒരു സെൻറ്  ഭൂമിയോ    ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നല്കിയിട്ടില്ല. ആയതിനാൽ, വീടില്ലാത്ത കുടുംബങ്ങൾ കടപ്പുറം ഭാഗത്ത് വീടുകൾ വച്ച് താമസിക്കുകയാണ്. ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനാവശ്യമായ വെള്ളമോ,വൈദ്യുതിയോ ഇല്ലാത്ത സ്ഥിതിയാണ്. ഈ പ്രശ്നങ്ങൾ കാരണം, ധാരാളം വിദ്യാർത്ഥികളും, മുതിർന്നവരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ വിദ്യാർഥികൾ മണ്ണെണ്ണ  വിളക്കുകളും, മെഴുകുതിരികളും ഉപയോഗിച്ചാണ് പഠിക്കുന്നത്. കുടിവെള്ളത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയാണ്. ഞങ്ങൾ ഭവനം നിർമ്മിക്കുന്നത് CRZ നിയമം അനുസരിച്ച് 200 മീറ്റർ കടലിൽ നിന്നും മാറിയാണ് നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ,  കടപ്പുറം ഭാഗത്തു താമസിക്കുന്നവർക്ക് പട്ടയവും, വൈദ്യുതിയും വെള്ളവും കൈവശാവകാശവും നൽകണമെന്ന് അപേക്ഷിക്കുന്നു.’
1965 മുതൽ ഇടവകയുടെ കൈവശാവകാശം ഉള്ള 5 ഏക്കർ 42 സെൻറ് ഭൂമി (മണ്ഡപം മുതൽ സെമിത്തേരി , പാർക്ക് , പ്രദേശങ്ങൾ ) പതിച്ചു കിട്ടുന്നതിനായി, നിശ്ചിത ഫോറത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ  4 ന് അപേക്ഷ സമർപ്പിച്ചിരുന്നതായി ഞങ്ങൾ കണ്ടെത്തി.  ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, കൈപ്പറ്റിയ രസീതും നൽകിയിരുന്നു. തുടർ നടപടിയുടെ ഭാഗമായി, പ്രസ്തുത അപേക്ഷ പാട്ടത്തിനാണോ അതോ പതിച്ചു നൽകുവാൻ ആണോ എന്ന് വ്യക്തമാക്കുവാനായി സെപ്റ്റംബർ 27 ന് കളക്ടറുടെ ഓഫീസിൽ നിന്നും കളക്ടർക്കുവേണ്ടി കത്ത് അയച്ചതായും കാണുന്നു. പതിച്ചു കിട്ടുന്നതിന് വേണ്ടിയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് പുതുക്കിയ അപേക്ഷ നിശ്ചിത ഫോറത്തിൽ ഒക്ടോബർ 11 നു തന്നെ ഇടവക നൽകിയതായും, അതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രസീത് നൽകിയതായും കണ്ടെത്തി..’

ഉദ്യോഗസ്ഥ അനാസ്ഥ സംഭവിച്ചുവോ ?

 

ഇത് സംബന്ധിച്‌  ജില്ലാ കളക്ടർ നവംബർ ആറിന് ( 2019 ) വിളിച്ചു ചേർത്ത കോൺഫറൻസിൽ ‘കടൽത്തീര  പുറമ്പോക്കു കയ്യേറ്റമുള്ള പ്രദേശം എക്സികുട്ടീവ് എഞ്ചിനീയർ ( മേജർ ) ഇറിഗേഷൻ ഡിപ്പാർട്മെൻറ് , പങ്കെടുത്തിരുന്നില്ല എന്നും,  പ്രസ്തുത അസ്സാന്നിധ്യത്തിനു മുൻ‌കൂർ അനുമതി വാങ്ങിയില്ല എന്നതിന്റെയും ഗുരുതരമായ അനാസ്ഥയുടെയും  വെളിച്ചത്തിൽ കളക്ടർ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ  നടപടിക്ക് ശുപാർശ ചെയ്തിരുന്നതായി കോൺഫെറെൻസ് മിനിട്ട്സ് വെളിവാക്കുന്നു! പ്രസ്തുത ഭാഗം ചുവടെ: 

 

‘കടൽത്തീര  പുറമ്പോക്കു കയ്യേറ്റമുള്ള പ്രദേശം എക്സികുട്ടീവ് എഞ്ചിനീയർ ( മേജർ ) ഇറിഗേഷൻറെ നിയന്ത്രണത്തിലുള്ളതായിരുന്നിട്ടും, ടിയാൻ ഹാജരാവുകയോ, ഉത്തരവാദപ്പെട്ട പ്രതിനിധിയെ അയക്കുകയോ, ഹാജരാകാതിരിക്കുന്നതിനു അനുവാദം വാങ്ങാതിരിക്കുകയോ  ചെയ്യാത്തത്  ഗുരുതര വീഴ്ചയാണ്. ആയതിനാൽ, കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, തുടർ നടപടി സ്വീകരിക്കുന്നതിനായി, ജലവിഭവ വകുപ്പ് സെക്രട്ടറിക്കും ജലവിഭവ മന്ത്രിക്കും കത്ത് നൽകേണ്ടതാണെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.’ ( ബി. 16 / 14746 / 18 കലക്ടർസ്  കോൺഫറൻസ്  മിനിട്ട്സ്, പേജ് ഒന്ന് )

 

ജില്ലാ കളക്ടർ, സബ് കളക്ടർ,, നെയ്യാറ്റിൻകര  തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ,  വിഴിഞ്ഞം ഇൻസ്‌പെക്ടർ ഓഫ് പോലീസ്, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, വില്ലേജ് ഓഫിസർ, തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ, തിരുവനതപുരം ലത്തീൻ അതിരൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറൽ മോൺ. സി ജോസഫ്, അടിമലത്തുറ ഇടവകയെ പ്രതിനിധീകരിച്ചു ഇടവക വികാരി ഫാദർ മെൻസിൻ  സൂസൈ, ഇടവക കമ്മിറ്റി സെക്രട്ടറി ശ്രീ  ഫെർണാണ്ടസ് , ഇടവക കമ്മിറ്റി അംഗങ്ങൾ ആയ ശ്രീമാന്മാർ വിൻസെന്റ്, അലോഷ്യസ് , എന്നിവരും, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാർ ആയ ശ്രീമതിമാർ ത്രേസ്യദാസ്, കൊച്ചു ത്രേസ്യ എന്നിവരും പങ്കെടുത്തതായി  മിനിട്ട്സ് രേഖയിൽ നിന്നും വ്യക്തമാണ് .