ധീവര സഭ സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് ഡിജിറ്റൽ – വെബ്സൈറ്റ് പ്രാവീണ്ണ്യത്തിന് ശില്പശാല നടന്നു!

 

‘ നമ്മുടെതീരം വെബ് പോർട്ടൽ ‘ ലെ ഗ്രാമ തല വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും, കാലാനുസൃതമായ മാറ്റങ്ങൾക്കു സഭാ  അംഗങ്ങൾക്കും നേതൃത്വത്തിനും ഡിജിറ്റൽ മേഖലയിൽ വൈദഗ്ധ്യം നൽകുന്നതിനും ആയി, ആദ്യപടി  എന്ന നിലയ്ക്ക് അഖില കേരള ധീവര സഭ സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് ഏക ദിന ശില്പശാല നടത്തി. ജനുവരി 13 ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാന പ്രകാരം ആണ് പ്രസ്തുത ശില്പശാല സംഘടിയ്ക്കപ്പെട്ടത്. 

തീരദേശത്തെ വിവിധ വിഷയങ്ങൾ (CRZ, ഫിഷറീസ് നയം, സംവരണം, സാമൂഹ്യ വ്യാപനം ..), വിവിധ മേഖലകൾ ( ആരോഗ്യം , വിദ്യാഭ്യാസം , കായികം , നേതൃപാടവം , ..) വാർത്തകൾ, ബ്ലോഗുകൾ, ഓൺലൈൻ ചർച്ചാ  വേദികൾ , എന്നിവ ഉൾപ്പെടുത്തിയുള്ള ഗ്രാമ തല വെബ്സൈറ്റുകളുടെ നിർമ്മിതി, റിപ്പോർട്ടിങ്, എഡിറ്റിങ് , നയം, തുടർ പരിശീലനങ്ങൾ, എന്നീ വിവിധ വിഷയങ്ങൾ പഠനത്തിനും ചർച്ചകൾക്കും വിധേയമായി. ഡിജിറ്റൽ രംഗത്ത് പ്രവീണ്ണ്യവും സാക്ഷരതയും കുറവെങ്കിലും, ആധുനിക കാലഘട്ടത്തിൽ അതിജീവനത്തിനു പോലും അനിവാര്യമായ ഡിജിറ്റൽ സാങ്കേതിക വിദ്യയും തീരദേശ വെബ്സൈറ്റുകൾ തുറന്നു തരുന്ന സാദ്ധ്യതകളും പ്രയോജനപ്പെടുത്തുവാൻ നിശ്ചയദാർഢ്യത്തോടെ തന്നെ സംസ്ഥാന സമിതി അംഗങ്ങൾ അത്യുത്സാഹ പൂർവ്വം മുന്നോട്ടു വന്നു. ഗ്രാമതലങ്ങളിൽ കമ്പ്യൂട്ടറുകൾ സംഘടിപ്പിച്ചു പുതു തലമുറയെ ഇതിനായി ഒരുക്കി വെബ്സൈറ്റുകൾ നിർമ്മിക്കുക, അതിൽ ഉത്തരവാദിത്തത്തോടെയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുക, ഗ്രാഫിക്‌സ്  പോലുള്ളവയിൽ  പരിശീലനം നേടുവാൻ  പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എത്രയും വേഗം തങ്ങളുടെ ഗ്രാമതല  വെബ്സൈറ്റ് ഓൺലൈൻ ആക്കുവാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുവാനും, അതിനു ആവശ്യമായ ടീമുകൾ , ഉള്ളടക്കം , പരിശീലന കളരികൾ , സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുവാനും ധാരണയുണ്ടായി. 
 
ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഉത്‌ഘാടനം നിർവഹിച്ചു. ധീവര സമുദായത്തിന് ആധുനിക ലോകത്തിലെ വെല്ലുവിളികൾ നേരിടുവാനും അവയെ ഫലപ്രദമായി മറികടക്കുവാനുമുള്ള സാധ്യതയാണ് ഈ സംരംഭം തുറന്നു തരുന്നതെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം കൗൺസിൽ അംഗങ്ങളെയും സമുദായ അംഗങ്ങളെയും ഓർമ്മിപ്പിച്ചു. ഡോ. ക്ലമന്റ് ലോപ്പസ് ശില്പശാലയ്ക്കു നേതൃത്വം നൽകി.