ധീവര  സമുദായം ഡിജിറ്റൽ ലോകത്ത്‌ ചുവട് വയ്ക്കുന്നു!

 

കാലാനുസൃതമായ മാറ്റങ്ങൾക്കു ധീവര സമുദായ അംഗങ്ങളെ പ്രാപ്തമാക്കുന്ന വിധം ഡിജിറ്റൽ സാങ്കേതിക  വിദ്യ സ്വായത്തമാക്കുക,  തീരദേശത്തെ  ഗ്രാമതല വെബ്സൈറ്റുകൾ സൃഷ്ടിക്കുക, തീരദേശ വാർത്താ സൈറ്റുകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ‘നമ്മുടെ തീരം’ വെബ് പോർട്ടലുമായി സഹകരിയ്ക്കുവാനും നേതൃ പരമായ പങ്ക് എടുക്കുവാനും ജനുവരി 13 നു കൂടിയ അഖില കേരള ധീവര സഭ സംസ്ഥാന കൗൺസിൽ  തീരുമാനിച്ചു. ഇതിൻറെ പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ ജനുവരി 18 നു എറണാകുളത്തെ പണ്ഡിറ്റ് കറുപ്പൻ ഹാളിൽ സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കായി പരിശീലന കളരി നടത്താൻ തീരുമാനിച്ചു. 

 

 

സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ സംബന്ധിച്ചു  ജനറൽ സെക്രട്ടറി ശ്രീ വി. ദിനകരൻ എക്‌സ്  എം എൽ എ പുറത്തിറക്കിയ പത്ര കുറിപ്പിൽ ആണ് ഈ വിവരം അറിയിച്ചത്. സംസ്ഥാന കൗൺസിലിൻറെ മറ്റു സുപ്രധാന തീരുമാനങ്ങൾ ചുവടെ:  
 
 
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിന്ന് മുൻപെന്നപോലെ പ്രവർത്തിയ്ക്കാൻ കൗൺസിൽ തീരുമാനിച്ചു.
 
 തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ കെട്ടിടങ്ങളുടെ ലിസ്റ്റ് ബഹു: സുപ്രീം കോടതിയ്ക്ക് സമർപ്പിയ്ക്കുമ്പോൾ പരമ്പരാഗതമായി മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് കടലോര – കായലോര തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളേയും ആരാധനാലയങ്ങളേയും സാംസ്കാരിക സ്ഥാപനങ്ങളേയും തൊഴിൽ ഉപകരണങ്ങൾ സൂക്ഷിയ്ക്കുന്ന കെട്ടിടങ്ങളേയും വിശ്രമകേന്ദ്രങ്ങളേയും ചെറുകിട മത്സ്യ സംഭരണ – സംസ്കരണ സ്ഥാപനങ്ങളേയും മറ്റും  ഒഴിവാക്കി മാത്രമേ ലിസ്റ്റ് സമർപ്പിക്കാവൂ എന്നാവശ്യപ്പെട്ടുകൊണ്ട്, സംസ്ഥാന കൗൺസിൽ അംഗങ്ങളേയും പോഷക സംഘടനകളുടെ സംസ്ഥാന കമ്മറ്റി അംഗങ്ങളേയും തിരുവനന്തപുരം ജില്ലയിലെ സഭാപ്രവർത്തകരേയും പങ്കെടുപ്പിച്ച് കൊണ്ട് 22.1.2020. ബുധനാഴ്ച രാവിലെ 10 മണി മുതൽ സെക്രട്ടേറിയറ്റ് പടിയ്ക്കൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചാം തീയതി  ഇത് സംബന്ധിച്ച നിവേദനം ബഹു.മുഖ്യമന്ത്രിയ്ക്ക് നൽകിയിരുന്നെങ്കിലും നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് ഈ  ഒരു സമരപരിപാടി നടത്താൻ നിർബന്ധിതമായത് എന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
 
രൂക്ഷമായ കടലാക്രമണം, അടിക്കടി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന പ്രളയം, തുടങ്ങിയ   തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ  കടലോര – കായലോര തീരപ്രദേശം നഷ്ടപ്പെടുന്നതിന്റെ ഫലമായിട്ടാണ് ഭവനങ്ങളും ആരാധനാലയങ്ങളും അടക്കമുള്ള സ്ഥാപനങ്ങൾ തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപ്പെട്ടത്. അതുപോലെ തന്നെ, 2019ലെ തീരദേശ നിയന്ത്രണ നിയമം അനുശാസിക്കും വിധം  ഇത് സംബന്ധിച്ച പരിഷ്‌ക്കരിച്ച ഭൂപടം  സമയത്തിനു തയ്യാറാക്കി  സംസ്ഥാന സർക്കാർ, കേന്ദ്ര  സർക്കാരിന്  സമർപ്പിയ്ക്കാത്തതുകൊണ് കൂടിയാണ്,  ഇത്തരത്തിൽ ഈ പരമ്പരാഗത  നിർമ്മിതികളും ഭവനങ്ങളും  CRZ പരിധിയിൽപ്പെട്ടുപോയതു. ഈ വസ്തുതകൾ പരിഗണിച്ച്, കടലോര – കായലോര വാസികളുടെ ഭവനങ്ങളേയും സ്ഥാപനങ്ങളേയും സംസ്ഥാന സർക്കാർ ബഹു .സുപ്രീം കോടതിയ്ക്ക് സമർപ്പിയ്ക്കുന്ന ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. 
 
സെക്രട്ടേറിയറ്റ് സമരത്തിന്റെ മുന്നോടിയായി എല്ലാ താലൂക്ക് കമ്മറ്റികളും, താലൂക്ക് കമ്മറ്റി ഇല്ലാത്ത ജില്ലകളിൽ ജില്ലാ കമ്മറ്റി കളും പരമാവധി സഭാപ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് ജനുവരി 20  തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ അതാത് താലൂക്ക് – ജില്ലാ ആസ്ഥാനങ്ങളിൽ സായാഹ്ന ധർണ്ണ നടത്തുവാനും തീരുമാനിച്ചു. ഈ പരിപാടിയിൽ അതാത് താലൂക്ക് – ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ താലൂക്ക് നേതാക്കൾ നേതൃത്വം നൽകേണ്ടതാണെന്നും തീരുമാനിച്ചു. 
മത്സ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര – സംസ്ഥാന നയങ്ങളും നിയമങ്ങളും മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം മാനിച്ച് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, കേരള ഫിഷറീസ് ഫെഡറേഷൻ ജനുവരി 27 ന്,  തിങ്കളാഴ്ച രാവിലെ 10 മണി മുതൽ CMFRI യ്ക്ക് മുൻപിൽ (പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിന് സമീപം ),  സത്യാഗ്രഹം നടത്തുന്ന  സാഹചര്യത്തിൽ ഹെഡറേഷന് നേതൃത്വം നൽകുന്ന അഖില കേരള ധീവര സഭയുടെ  സംസ്ഥാന കൗൺസിൽ അംഗങ്ങളും എറണാകുളം ജില്ലയിലെ പ്രവർത്തകരും  സജീവമായി പങ്കെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
 
മഹിളാ സഭാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ  10 മണി മുതൽ ഒരു ഏകദിന നേതൃയോഗം എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഈ നേതൃയോഗത്തിൽ ധീവര മഹിള സഭയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ,താലൂക്ക് – ജില്ലാ ഭാരവാഹികൾ എന്നിവരേയും സഭയുടെ സംസ്ഥാന ഭാരവാഹികളേയും മറ്റു പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡൻറ് – സെക്രട്ടറിമാരേയും-സഭയുടെ ജില്ലാ താലൂക്ക് പ്രസിഡൻറ് സെക്രട്ടറിമാരേയും പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു . 
 
പ്രവർത്തന ഫണ്ട് സമാഹരണം ഫെബ്രുവരി 15 ന് മുൻപ് പൂർത്തീകരിച്ച് പ്രവർത്തക സമ്മേളനത്തിൽ വെച്ച് അതാത് താലൂക്ക് -ജില്ലാ കമ്മറ്റികൾ ഫെബ്രുവരി 29 ന് മുൻപ് സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിയ്ക്കേണ്ടതാണെന്നും തീരുമാനിച്ചു.
 
‘വിശ്വകാന്തി’ മുഖപത്രത്തിന്റെ വരിക്കാരായി, 200 രൂപ വാർഷിക വരിസംഖ്യ സ്വീകരിച്ച് എല്ലാ സംസ്ഥാന കൗൺസിൽ അംഗങ്ങളേയും ജില്ലാ താലൂക്ക് കമ്മറ്റി അംഗങ്ങളേയും പോഷക സംഘടനകളുടെ സംസ്ഥാന – ജില്ല -താലൂക്ക് കമ്മറ്റി അംഗങ്ങളേയും കരയോഗങ്ങളേയും വരിക്കാരാക്കേണ്ടതാണെന്ന് തീരുമാനിച്ചു. ഈ പ്രവർത്തനം ഫെബ്രുവരി 29ന് മുൻപ് പൂർത്തീകരിയ്ക്കുവാനും തീരുമാനിച്ചു.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ധീവരസമുദായം തിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ ധീവര സമുദായത്തിൽപ്പെട്ടവർക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.