തീരദേശവാസികളെ കുടിയൊഴിപ്പിയ്ക്കരുത് – ധീവരസഭ

ബഹു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരദേശ നിയന്ത്രണ നിയമം ലംഘിച്ചു എന്നാരോപിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ കടലോര – കായലോര മേഖലയിൽ അധിവസിയ്ക്കുന്നവരുടെ വീട് സന്ദർശിച്ച് അവരിൽ നിന്ന് നിർബന്ധിച്ച് സമ്മതപത്രം എഴുതി വാങ്ങിയ്ക്കുന്നത് അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് ധീവരസഭ സംസ്ഥാന സർക്കാരി നോടാവശ്യപ്പെട്ടു. മരടിലെ 4 ഫ്ലാറ്റുകളടക്കം 64 വൻകിട കെട്ടിട സമുച്ചയങ്ങളും 700 ഇടത്തരം കെട്ടിട സമുച്ചയങ്ങളും ആണ് തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ പേരിൽ കടലാക്രമണവും പ്രളയവും മൂലം കൈവശഭൂമി നഷ്ടപ്പെട്ട തീരദേശവാസികൾ അവരുടേതല്ലാത്ത കുറ്റം കൊണ്ട് CRZ ന്റെ പരിധിയിൽ ഉൾപ്പെടുകയാണ് ഉണ്ടായത്.2018ലെ നിയമ ഭേദഗതി അനുസരിച്ച് കടലോരത്ത് 50 മീറ്ററും കായലോരത്ത് 20 മീറ്ററും നിജപ്പെടുത്തിയത് പരിഗണിയ്ക്കാതെയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.ഈ ലിസ്റ്റ് അനുസരിച്ച് കേരളത്തിന്റെ കടലോര – കായലോര തീരത്ത് അധിവസിയ്ക്കുന്ന 50000 വീടുകളെങ്കിലും നീക്കം ചെയ്യപ്പെടേണ്ടി വരും. തീരദേശവാസികളുടെ ഭവനങ്ങളും സ്ഥാപനങ്ങളും ഒഴിവാക്കി മാത്രമേ സുപ്രീംകോടതിയ്ക്കു് ലിസ്റ്റ് കൊടുക്കാവൂ   എന്നാവശ്യ പ്പെട്ടുകൊണ്ട് 5.10.2009 ൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചിട്ടുള്ളതാണ്. വേണ്ടിവന്നാൽ ഈ കാര്യത്തിൽ നിയമനിർമ്മാണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ 3 മാസമായിട്ടും ഒരു നടപടിയും സ്വീകരിയ്ക്കാതെ തീരദേശവാസികളെ തെരുവിലേക്ക് ഇറക്കിവിട്ടാൽ ശക്തമായ സമരം ചെയ്യേണ്ടി വരുമെന്നും ധീവരസഭ ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.തീരദേശത്ത് പരമ്പരാഗതമായി അധിവസിച്ചിരുന്നവരേയും സാമ്പത്തിക നേട്ടം കണക്കാക്കി തീരദേശം കയ്യേറിയവരേയും ഒരേ രീതിയിൽ പരിഗണിക്കുന്നത് അവസാനിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ടു.
            V. ദിനകരൻEx. MLA, ജനറൽ സെക്രട്ടറി.