അടിമലത്തുറ : സത്യം ചുരളഴിയുമ്പോൾ! 3

ഏഷ്യാനെറ്റ് പുതുതായി എന്തെങ്കിലും കണ്ടെത്തിയോ? 

സർക്കാർ അധികൃതർക്ക് അറിയാതിരുന്ന, പുതുതായി എന്തെങ്കിലും ഏഷ്യാനെറ്റ് ഇൻവെസ്റ്റിഗേറ്റീവ്  വാർത്ത പരമ്പരയിൽ കണ്ടെത്തിയോ? ഏഷ്യാനെറ് വാർത്ത പരമ്പരയിൽ ആരോപിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ നവംബർ 6 ന് നടന്ന കളക്ടേഴ്‌സ് കോൺഫറൻസിൽ അവതരിപ്പിച്ചവ തന്നെയാണോ? അതിൽ, ഇവ സംബന്ധിച്ച വിശദീകരണം ഇടവക പ്രതിനിധികൾ നല്കിയിരുന്നോ ? ഇതിൽ പങ്കെടുത്ത ഈ പ്രദേശത്തെ ജനപ്രതിനിധികൾ ആ വിശദീകരണത്തിൽ തൃപ്തർ ആയിരുന്നോ? അവർ പുറമ്പോക്ക് ഭവന നിർമാണത്തെ അനുകൂലിച്ചിരുന്നോ അതോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവോ? പഞ്ചായത്തു അധികൃതരുടെയും റവന്യു അധികൃതരുടെയും തുടർ നടപടികൾക്ക് താമസം നേരിട്ടതിൽ റീ സർവേ ഉദ്യോഗസ്ഥരും മറ്റും കാട്ടിയ കാലവിളംബവും അനാസ്ഥയും മറ്റൊരു കാരണമായോ ? ഈ കോൺഫെറെൻസിലെ ധാരണ പ്രകാരം,  സംയുകത അടിമലത്തുറ സന്ദർശനം അതേ ആഴ്ചയിൽ തന്നെ ( നവംബർ 11 ) നടന്നുവോ ? അതോ അതും അനന്തമായി നീണ്ടുപോയോ? കാലതാമസം ഉണ്ടായി എങ്കിലും, പഞ്ചായത്തിൽ നിന്നും താത്ക്കാലിക നമ്പർ ഉടൻ കിട്ടുമെന്നിരിക്കെ,, ഏഷ്യാനെറ് വാർത്ത, പരമ്പര, പരമ്പരാഗത  മത്സ്യത്തൊഴിലാളി കുടുമ്പങ്ങൾക്കു ശത്രുതാപരം ആയിരുന്നോ, അതോ വസ്തുതാപരം ആയിരുന്നോ ? വാർത്തയെ സെൻസേഷണൽ ആക്കിയോ ?  ഇതിന് പിന്നിൽ മറ്റു താത്പ്പര്യങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായോ? പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്വാഭാവിക തൊഴിൽ – വാസ ഇടമായ തീരത്തിലെ  ഭവന  നിർമ്മാണം എന്ന അടിസ്ഥാന ആവശ്യത്തെ പ്രതികൂലമായി ഈ വാർത്ത ബാധിച്ചുവോ? പഞ്ചായത്ത് താത്ക്കാലിക നമ്പർ ലഭിക്കുമ്പോൾ വെള്ളവും വൈദ്യുതിയും ലഭ്യമാവുമ്പോൾ, ഉടൻ നടക്കാനിരിയ്ക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിക്ക് ലഭിക്കുമായിരുന്ന അനുകൂല അന്തരീക്ഷം ഇല്ലാതാക്കുവാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ? കൂടുതൽ തീരം ബീച്ച്  റിസോർട്ടുകൾക്കു അവശ്യ ഘടകം എന്നിരിക്കെ റിസോർട് ലോബ്ബി ഇതിനു പിന്നിൽ ഉണ്ടോ? മറ്റ്  താത്പ്പര്യങ്ങൾ?

ഈ  ചോദ്യങ്ങൾക്കു എല്ലാം ഉടൻ ഉത്തരങ്ങൾ ലഭ്യമാകണം എന്നില്ല. എങ്കിലും നവംബർ 6 ന് നടന്ന ജില്ലാ  കളക്ടര്സ് കോൺഫറൻസ് ൻറെ മിനിറ്റ്സ്  (click the link) ഉം അതിലെ തീരുമാനങ്ങളും തുടർ സംഭവങ്ങളും  വിശദമായി പരിശോധിക്കുമ്പോൾ ചില ഉത്തരങ്ങൾ തെളിഞ്ഞു വരുന്നുണ്ട്.

പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നതായി ആമുഖത്തിൽ തന്നെ ജില്ലാ കളക്ടർ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് വാർത്തയിൽ വെളിപ്പെടുത്തിയത്  പുതിയ വിവിരങ്ങൾ ആയിരുന്നോ, അതോ ഈ കോൺഫെറെൻസിൽ  നെയ്യാറ്റിൻകര തഹസിൽദാർ നടത്തിയ പ്രസ്താവന ആയിരുന്നോ എന്ന് അറിയുവാൻ, പ്രസ്‌തുത  മിനിറ്റെസിലെ പ്രസക്ത ഭാഗം ചുവടെ:

നെയ്യാറ്റിൻകര തഹസിൽദാർ കോണ്ഫറന്സില് പറഞ്ഞത് :
‘ഇതിനെത്തുടർന്ന്, നെയ്യാറ്റിൻകര തഹസിൽദാർ സ്ഥലത്തെ സ്ഥിതി വിവിരങ്ങൾ വിവരിച്ചു. അടിമലത്തുറ സമുദ്ര പുറമ്പോക്ക് കയ്യേറി വ്യാപകമായി വീടുകൾ നിർമ്മിക്കുന്നതായും 100 ഓളം വീടുകൾ നിർമ്മാണം പൂർത്തിയായതായും, ബാക്കിയുള്ളവയുടെ നിർമ്മാണം പല ഘട്ടത്തിലാണെന്നും തഹസിൽദാർ അറിയിച്ചു. 700 sq m വിസ്‌തൃതി ഉള്ള മാർക്കറ്റ് നിർമ്മിച്ച് വാടകക്ക് കൊടുത്തിട്ടുണ്ട്. വാടക, പള്ളി ലേലം കൊടുത്തു പിരിക്കുന്നുണ്ട്. കൺവെൻഷൻ സെന്റർ പണിത് പൂർത്തിയാക്കി, പള്ളി വികാരി തന്നെ ഉത്‌ഘാടനം നടത്തി. വില്ലേജ്  ഓഫിസ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ടാണ് ടി പ്രവർത്തികൾ നടത്തിയിട്ടുള്ളത്. അതിനു ശേഷം 3 സെന്റിന് ഒരു ലക്ഷം രൂപ എന്ന ക്രമത്തിൽ ഉദ്ദേശം 160 കുടുംബങ്ങൾക്ക്, പള്ളിയുടെ ആഭിമുഖ്യത്തിൽ സ്ഥലം വിൽപ്പന  നടത്തി.  ഇങ്ങനെ സ്ഥലം കൈവശപ്പെടുത്തിയവരിൽ ചിലർ വീടിനു ബേസ്‌മെന്റ് പണിത നിലയിലും ചിലർ ഇരുനില കെട്ടിടം പൂർത്തിയാക്കിയ നിലയിലും ആണ്. ബീച്ച് റോഡിനും അടിമലത്തുറ ചപ്പാത്തു റോഡിനും ഇടയിലുള്ള വെള്ളക്കെട്, ഈ അനധികൃത നിർമ്മാണം കാരണം റോഡ് മുറിച്ചു ഒഴുക്കി വിടുവാൻ കഴിയുന്നില്ല. അതിനാൽ അധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യേണ്ടതാണ്.’
തഹസിൽദാർ അറിയിച്ച കാര്യങ്ങൾ കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശരി വച്ചു. സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പാലിയ്ക്കപ്പെടുന്നില്ല എന്നും പഞ്ചായത്തി സെക്രട്ടറി അറിയിച്ചു. 

ഇടവക വികാരിയുടെയും  കമ്മിറ്റി സെക്രട്ടറിയുടെയും വിശദീകരണം , 

 

‘ഇടവക വികാരിയുടെ വിശദീകരണം ചുവടെ:
‘ അടിമലത്തുറ പ്രദേശത്തു 2850 കുടുംബങ്ങളിലായി 11,000  ആൾക്കാർ തിങ്ങി ഞെരുങ്ങി പാർക്കുന്നുണ്ട്. ഒരു വീട്ടിൽത്തന്നെ അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നു. അതുകൊണ്ടുതന്നെ, പുതിയ കുടുംബങ്ങൾ അടുത്തുള്ള സ്ഥലത്തു വീട് വച്ച് താമസിക്കുകയാണ് ചെയ്തിട്ടുള്ളത്. അത്യാഹിതങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുവാൻ വേണ്ടത്ര സ്ഥലമില്ല. ഒരു എൽപി സ്‌കൂൾ മാത്രമേ ടി സ്ഥലത്തു ഉള്ളു. ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു വേണ്ടിയാണ് കൺവെൻഷൻ സെന്റർ പണിതിട്ടുള്ളത്. സെക്യൂരിറ്റി ക്യാബിനും ചെക്ക്പോസ്റ്റും നിർമ്മിച്ചിട്ടുണ്ട്. ഇതിൽ യാതൊരു ബിസിനസ് താൽപ്പര്യവും ഇല്ല. ടി പ്രദേശത്തു രാത്രികാലങ്ങളിൽ ക്രിമിനലുകളും മറ്റും കഞ്ചാവും മറ്റു നിയമവിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനാലാണ് സെക്യൂരിറ്റി ക്യാബിൻ  ചെക്ക് പോസ്റ്റ് എന്നിവ സ്ഥാപിച്ചത്. മാർക്കറ്റ് ടി സ്ഥലത്തു പുതുതായി തുടങ്ങിയിട്ടില്ല. ഒരു മാർക്കറ്റ് മുൻപ് ഇവിടെ ഉണ്ടായിരുന്നതും അത് പൊളിഞ്ഞു വീഴാറായപ്പോൾ നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇടവക വികാരി അറിയിച്ചു. കൂടാതെ, പാർക്കിങ് ഏരിയ മതിൽക്കെട്ടി തിരിച്ചിട്ടില്ല എന്നും അറിയിച്ചു. ‘

 

ജനങ്ങൾക്ക് വാസഗൃഹം ഇല്ലാത്തത് ഗൗരവകരമായ കാര്യാമാണെന്നും, എന്നിരുന്നാലും ഇത്തരത്തിൽ കടൽത്തീര  പുറമ്പോക്കു കയ്യേറി വീട് നിർമ്മിക്കുന്നതിന് മുൻപായി സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും അനുമതി വാങ്ങേണ്ടിയിരുന്നുവെന്നും, സംഘടിതമായി ഇത്തരത്തിൽ നിയമം കയ്യേറ്റുന്നതായ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

രാജ്യത്തെ നിയമവും കോടതികളുടെ ഉത്തരവുകളും പാലിക്കപ്പെടേണ്ടതാണെന്നും, തീരദേശ വാസികൾക്ക് സഹായകമായ നിലപാട് ആണ് പോലീസ് എടുക്കാറുള്ളത് എന്നും, നിയമ വിരുദ്ധ പ്രവൃത്തികൾക്കും ക്രമസമാധാന ലംഘനങ്ങൾക്കും അതിരൂപത ഒരു സഹായവും നൽകില്ല എന്ന് അതിരൂപത വികാരി ജനറൽ മോൺ . സി ജോസഫ് അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ മാനുഷിക പരിഗണനകൾ കൂടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ പ്രദേശത്തുള്ള വ്യക്തി എന്ന നിലയിൽ ഈ സാഹചര്യത്തെ ക്കുറിച്ചു വ്യക്തമായ ധാരണ തനിക്കു ഉണ്ടെന്നും, പാവപ്പെട്ടവർ തിങ്ങി ഞെരുങ്ങി താമസിക്കുന്ന ഇവിടെ സർക്കാർ പദ്ധതികൾ പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

തുടർ പ്രവർത്തനങ്ങൾക്കായി  നെയ്യാറ്റിൻകര തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ ആഴ്ച തന്നെ 11 ആം തീയതി അടിമലത്തുറ സന്ദർശിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തീരുമാനം ഉണ്ടായി. സെക്യൂരിറ്റി ക്യാബിനും ചെക്പോസ്റ്റും അന്നേ  ദിവസം തന്നെ മാറ്റണമെന്നും, പാർക്കിങ് ഏരിയ ഗ്രൗണ്ട് കെട്ടി തിരിച്ചിട്ടുണ്ടെങ്കിൽ പള്ളി അധികൃതർ അവ സ്വയമേവ ഇടിച്ചു കളയണമെന്നും തീരുമാനം ഉണ്ടായി. 

 

നെയ്യാറ്റിന്കര തഹസിൽദാറിന്റെ നേതൃത്വത്തിൽ ഔദ്യോഗിക സംഘം നവമ്പർ 11 നു തന്നെ അടിമലത്തുറ സന്ദർശിച്ചു; ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും അവരോടൊപ്പം ഉണ്ടാവുകയും എല്ലാ സഹകരണങ്ങളും സംഘത്തിന് നൽകിയിരുന്നതായും മനസ്സിലാക്കുവാൻ കഴിഞ്ഞു. അനുകൂല നടപടി ഉത്തരവാദപ്പെട്ടവരിൽ നിന്നും ഉണ്ടാകും എന്ന അവരുടെ ഉറപ്പിൽ ഈ ജനങ്ങൾ ആശ്വസിച്ചു കാത്തിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ ഏഷ്യാനെറ് വാർത്ത വരുന്നത് എന്ന് ഇടവക പ്രതിനിധികൾ ഞങ്ങളോട് പറഞ്ഞു. 

കമ്മ്യൂണിറ്റി – പുനരധിവാസ ഹാളും പണപ്പിരിവും

 

അനധികൃത കൺവെൻഷൻ സെൻറെർ നിർമ്മാണവും, ഇടവക വികാരിയുടെ നേതൃത്വത്തിൽ ഇടവക കമ്മിറ്റി പുറമ്പോക്ക് സ്ഥലം 3 സെന്റിന് ഒരു ലക്ഷം വച്ച് വസ്തു കച്ചവടം നടത്തി എന്ന ആരോപണത്തിന്റെ നിജസ്ഥിതിയും ഞങ്ങൾ അന്വേഷിച്ചു. രേഖകൾ പരിശോധിച്ചു . ഞങ്ങൾക്ക് ബോധ്യപ്പെട്ട വസ്തുതകൾ ചുവടെ: 

 

പൊതു സംവിധാനങ്ങൾ ഒക്കെ തന്നെ ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് ഭരണ രാഷ്ട്രീയ പാർട്ടികളും, പ്രതിപക്ഷ പാർട്ടികളും മറ്റു സമുദായ സംഘടനകളും ഒക്കെ ചിലവുകൾക്കു പണം കണ്ടെത്തുന്നത് എന്നാണു ഇടവക കമ്മിറ്റി ഞങ്ങളെ അറിയിച്ചത്. അടിമലത്തുറയുടെ കാര്യത്തിലും ഇത് മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നാണ് അവർ വാദിച്ചത്. ഓഖി പോലുള്ള  പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ജനങ്ങളെ മാറ്റി പാർപ്പിക്കുവാനും പുനരധിവസിപ്പിക്കുവാനും മറ്റൊരു ഇടം അടിമലത്തുറയിൽ ഇല്ല. MLA , MP ഫണ്ടുകൾ, കേന്ദ്ര – സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ ഫണ്ടുകൾ ഉപയോഗിച്ചുള്ള നിർമ്മിതികൾ ഒന്നും തന്നെ ഈ ഗ്രാമത്തിൽ ഇല്ലെന്നു അവർ ചൂണ്ടിക്കാട്ടുന്നു . ഈ കുറവ് നികത്തുവാൻ  ഇത്തരം ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇടവക കമ്മ്യുണിറ്റി ഹാളിനു തുടക്കം ഇട്ടതെന്നും, ഇത് സംബന്ധിച്ചു അനുമതിക്കായും, വൈദ്യുതി – വെള്ളത്തിനും മാറ്റു സൗകര്യങ്ങൾക്കായും മൂന്നു വർഷങ്ങൾക്കു മുൻപേ തന്നെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികൃതർക്കും പഞ്ചായത്തിനും മറ്റും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നുവെന്നും ഇടവക നേതൃത്വം ഞങ്ങളെ അറിയിച്ചു. സർക്കാർ തലത്തിൽ പരിഹാരം നീണ്ടു പോയ സാഹചര്യത്തിലാണ്  മൂന്നു വർഷങ്ങൾക്കു  മുൻപ് തങ്ങൾ മുകൈ എടുത്തതെന്നും, അപ്പോൾ തന്നെ അനുമതിക്കായി ജില്ലാ കളക്ടറെയും പഞ്ചായത്തിനേയും തങ്ങൾ സമീപിച്ചിരുന്നുവെന്നും, ഇക്കാര്യത്തിനായി തങ്ങൾ നാട്ടുകാരിൽ നിന്നും  സംഭാവനകൾ സ്വീകരിച്ചാണ് ഈ നിർമ്മിതികൾ നടത്തുന്നതെന്നും , പ്രസ്തുത നിവേദനത്തിൽ തങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നുവെന്നും ഇടവക നേതൃത്വം ഞങ്ങളെ അറിയിച്ചു. ഇതിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തിൽ വെളിപ്പെട്ട കാര്യങ്ങൾ ചുവടെ റിപ്പോർട്ട് ചെയ്യുന്നു:

 

2018 ഡിസംബർ 17 ന്  അടിമലത്തുറ ഇടവകയുടെ ലെറ്റർ ഹെഡിൽ ഒപ്പിട്ടു, ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാകുന്നത് ഇടവക നേതൃത്വം ഇക്കാര്യങ്ങൾ എല്ലാം ജില്ലാ കലക്ടറിനെ അറിയിച്ചിരുന്നുവെന്നാണ്. നിവേദനത്തിലെ  പ്രസക്ത ഭാഗങ്ങൾ ചുവടെ:

 

‘ചീറിപ്പാഞ്ഞു വരുന്ന കടൽ തിരമാലകളാലും ഞെരുക്കപ്പെട്ട നിർഭാഗ്യരായ ജനങ്ങളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. നല്ല രീതിയിലുള്ള ജീവിത സൗകര്യമോ നല്ല ആരോഗ്യമോ, നല്ല വീടുപോലും ഇല്ലാത്തവരാണ്. ശക്തമായ മഴ പെയ്യുമ്പോൾ, കടൽ ക്ഷോഭമുണ്ടാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടുവാനോ മാറി താമസിക്കുവാനോ ഉള്ള ബദൽ സംവിധാനങ്ങൾ നാളിതുവരെ ഈ ഗ്രാമത്തിൽ നടപ്പാക്കപ്പെട്ടിട്ടില്ല. ഇവിടത്തെ ആളുകൾക്ക് ഏതെങ്കിലും രീതിയിൽ അത്യാഹിതം ഉണ്ടായാൽ ആശ്രയിക്കുവാൻ ഏറെ ദൂരങ്ങളിൽ ഉള്ളത് പ്രൈവറ്റ് ആശുപത്രികളും അതിലെ ഭീമമായ തുകകളും ആണ്. അതുമൂലം ഈ ഗ്രാമത്തിലെ എത്ര പാവപ്പെട്ടവരാണ് ചികിത്സക്ക് വേണ്ടി  കടം വാങ്ങി കടക്കെണിയിൽ നരകിക്കുന്നത് . അന്നന്നുള്ള ആഹാരത്തിനു വേണ്ടി കടലിനെ ആശ്രയിക്കുന്ന ഈ ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം നാൾക്കുനാൾ ഭയാനകമായിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും ഉണ്ടാകാവുന്ന ഒരു സുനാമിയോ, ഓഖിയോ പോലുള്ള പ്രകൃതി ക്ഷോഭത്തിൽ വെറും നിമിഷ നേരംകൊണ്ട് തരിപ്പണമാകുന്ന ഒരു കൊച്ചു ഗ്രാമമാണ് ഈ അടിമലത്തുറ. ഈ സാഹചര്യം നിലനിൽക്കെയാണ് , ഈ ഗ്രാമത്തിൽ നിന്ന് ലഭ്യമാകുന്ന തുച്ഛമായ വരുമാനം കൊണ്ട്, ഗവെർന്മെന്റിന്റെ തീര  പരിപാലന നിയമത്തെ മുൻനിർത്തി, കടൽ തീരത്തു നിന്നും 200 മീറ്ററിൽ കൂടുതൽ പുറകിലോട്ടു മാറി, ഈ ഗ്രാമത്തിന്റെ എക്കാലത്തെയും സ്വപ്‍നം കൂടിയായ ഒരു ചെറിയ കമ്മ്യുണിറ്റി ഹാൾ ഞങ്ങൾ നിർമ്മിച്ചുവരുന്നത്.’
തീരപരിപാലന നിയമത്തെ കാറ്റിൽ പറത്തുന്ന  അനവധി നിർമ്മിതികൾ, വൻ  കെട്ടിടങ്ങൾ, ട്രാവൻകോർ , സോമ സുന്ദരം  തുടങ്ങിയ റിസോർട്ടുകൾ എന്നിവ നിർമ്മിച്ചിട്ടും അവയ്ക്കൊന്നും സ്റ്റേ യോ മറ്റു തടസ്സങ്ങളോ അധികൃതർ ഉന്നയിക്കാതിരിക്കുകയും, എന്നാൽ ഈ ഗ്രാമത്തിന്റെ ചിരകാല സ്വപനം ആയ ഈ കമ്മ്യുണിറ്റി ഹാൾ  നിർമ്മാണത്തെ തടസ്സപ്പെടുത്തുന്ന നിരവധി ഇടപെടലുകൾ ഉണ്ടാകുന്നതും ഈ നിവേദനത്തിൽ പരാമർശിക്കുന്നു.

മാറി മാറി വരുന്ന സർക്കാരുകൾ ഭരണത്തിൽ വരുമ്പോൾ, വിവിധ ട്രൂസ്റ്റുകൾക്കും, സാമുദായിക സംഘടനകൾക്കും ആവശ്യമായ സർക്കാർ ഭൂമി എഴുതി കൊടുക്കുന്ന ചരിത്രം ആവർത്തിക്കുമ്പോഴും അടിമലത്തുറ എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിനു നാളിതുവരെ അത്തരമൊരു ആനുകൂല്യം ഉണ്ടായിട്ടില്ല എന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. നിവേദനം തുടർന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുന്നു : ‘ഞങ്ങൾ ഇപ്പോൾ അടിമലത്തുറ ഇടവകയിൽ പണിയുന്നത് പള്ളിയല്ല, റിസോർട് അല്ല, ലോഡ്ജ് അല്ല, ഇത് ഒരു ദുരന്ത നിവാരണ പ്രദേശം ആണ്.’

 

” ആയതിനാൽ, വെള്ള പൊക്കമോ, കടൽ ക്ഷോഭമോ മുതലായ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ ഞങ്ങളുടെ തന്നെ സാധാരണക്കാരായ മക്കൾക്ക്‌ ഉപയോഗിക്കുന്നതിനായി ഒരു പുരധിവാസ കേന്ദ്രം നിർമ്മിക്കുകയാണ്. ഈ ഗ്രാമത്തിൽ ഏകദേശം പതിനായിരത്തോളം ജനങ്ങൾ താമസിക്കുന്നു. ഈ ഗ്രാമത്തിലെ തന്നെ പാവപ്പെട്ടവരുടെ മക്കൾക്ക് വിവാഹമോ, മറ്റു ചടങ്ങുകളോ നടക്കുന്ന അവസരങ്ങളിൽ സ്ഥല പരിമിതി ഉള്ള കുടുംബങ്ങൾ മറ്റു ഗ്രാമങ്ങളിലുള്ള കെട്ടിടങ്ങളെ ആശ്രയിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ നിൽനിൽക്കുമ്പോൾ മാറി മാറി വരുന്ന സർക്കാർ ഭരണ കൂടമോ , പഞ്ചായത്തോ, മന്ത്രി ഫണ്ടോ , എം എൽ എ  ഫണ്ടോ ഉൾപ്പെടുത്തി ഇതുവരെ ഞങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു പുനരധിവാസ കേന്ദ്രം നിർമ്മിച്ച് തന്നിട്ടില്ല. 

 
‘ആയതിനാൾ,  ഞങ്ങളുടെ തന്നെ ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങളിൽ നിന്നും ഒരു ഫണ്ട് രൂപികരിച്ച് നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഈ പുനരധിവാസ കേന്ദ്രം നല്ല രീതിയിൽ പണി പൂർത്തികരിക്കുന്നതിന് ഞങ്ങൾക്ക് അനുമതി നല്കുന്നതോടൊപ്പം, ഈ കെട്ടിടത്തിന്റെ സുഗമമായ നടത്തിപ്പിനായി  വൈദ്യതിയും മറ്റ് സംവിധാനങ്ങൾക്കുള്ള അനുമതിയും നൽകി, ഈ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അനുമതി നല്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.’

ഒരു പക്ഷെ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനുള്ള ശ്രമങ്ങൾ വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നും, റവന്യു അധികൃതരിൽ നിന്നും, അനന്തമായ കാലവിളംബം ഇല്ലാതെ ഉണ്ടായിരുന്നുവെങ്കിൽ, ഒരു സർക്കാർ ഉത്തരുവുകൾക്കും കാത്തു നിൽക്കാതെ പ്രളയ കേരളത്തെ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടു എടുത്തു ചാടി രക്ഷിച്ച ഒരു ജനതയെയും,  ഒരു ഗ്രാമത്തെയും, ഒരു സമുദായത്തെയും അപമാനിക്കുംവിധമുള്ള പ്രചാരണം ഉണ്ടാവില്ലായിരുന്നുവെന്നു തീരദേശത്തെ പലരും ഞങ്ങളോട് പരിതപിച്ചു.

അടിമലത്തുറ : സത്യം ചുരളഴിയുമ്പോൾ! 4

കടൽത്തീരം ആർക്കു സ്വന്തം ?

തുടരും …