അടിമലത്തുറ : സത്യം ചുരളഴിയുമ്പോൾ! – 1

തുടക്കം ഏഷ്യാനെറ് പരമ്പരയോ ?

അടിമലത്തുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തീരം കൈയ്യേറി എന്നും, ഇടവക  വൈദികന്റെ നേതൃത്വത്തിൽ ഇടവക കമ്മിറ്റി,  പുറമ്പോക്കു സ്ഥലം ‘വില്പന’ നടത്തി എന്നും ഈയിടെ ഏഷ്യാനെറ്റ് വാർത്ത വന്ന ഉടൻ തന്നെ, ‘നമ്മുടെ തീരം വാർത്ത’ സംഘം സ്ഥലം സന്ദർശിച്ചു. പലരെയും കണ്ടു നിജസ്ഥിതി അറിയാൻ ശ്രമിച്ചു; പല രേഖകളും ശേഖരിച്ചു; പരിശോധിച്ച്. അവയുടെ വെളിച്ചത്തിൽ തയാറാക്കിയ വാർത്ത റിപ്പോർട്ട് ആണ് ഇതിൽ.

ആദ്യമായി ഞങ്ങൾ അന്വേഷിച്ചത്,  1. ഏഷ്യാനെറ് വാർത്തയെ തുടർന്നാണോ സർക്കാരും റവന്യു അധികൃതരും ഇക്കാര്യം അറിഞ്ഞത് എന്നായിരുന്നു. അതുപോലെ, 2.  ഈ വാസസ്ഥലങ്ങൾക്ക് കൈവശ അവകാശവും താത്ക്കാലിക നമ്പറും വൈദുതിയും വെള്ളവും ലഭിക്കുവാൻ ഇവർ സർക്കാർ ഉദ്യോഗസ്ഥരെയും കലക്ടറിനെയും പഞ്ചായത്തിനേയും മറ്റു റവന്യു അധികൃതരെയും സമീപിച്ചിരുന്നുവോ, അതോ ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നോ എന്നും അന്വേഷിച്ചു. അതുപോലെ, 3.  പള്ളിയുടെ ആഭിമുഖ്യത്തിൽ ഉള്ള നിർമ്മിതികൾ കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികൃതരെ ഇടവക വൈദികനും കമ്മിറ്റിയും അറിയിച്ചിരുന്നുവോ എന്നും അന്വേഷിച്ചു. അങ്ങനെയെങ്കിൽ, 4 . ഏതെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ  ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായോ എന്നും അന്വേഷിച്ചു. അങ്ങനെ അനാസ്ഥ ഉണ്ടായി എങ്കിൽ, 5 .  ഏഷ്യാനെറ് വാർത്തയെ തുടർന്ന് ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ചുമലിൽ എല്ലാം കെട്ടി വയ്ക്കുവാൻ ശ്രമം നടക്കുന്നുണ്ടോ എന്നും ഞങ്ങൾ ആരാഞ്ഞു. ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ ഞങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നു. 

1 . ഏഷ്യാനെറ് വാർത്തയ്ക്കു മുൻപ് നടന്നത് എന്ത് ?

1 a. അടിമലത്തുറയുടെ കാര്യത്തിൽ അശാസ്ത്രീയമായി രേഖപ്പെടുത്തിയ CRZ വേലിയേറ്റ തീരം ( HTL – High Tide Line ) യഥാർത്ഥ HTL ആയ കടൽത്തിട്ടയുടെ ഭാഗത്തേയ്ക്ക് മാറ്റി ഭൂപടത്തിൽ മാറ്റം വരുത്തുവാൻ ഇടവകയുടെ നേതൃത്വത്തിൽ  ഗ്രാമ വാസികൾ ജില്ലാ കളക്ടർക്കു ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ നിവേദനം ( മെയ് 8 , 2017 ) നൽകിയിരുന്നതായി ഞങ്ങൾ കണ്ടെത്തി. 1800 മീറ്റർ നീളവും 520 മീറ്റർ വീതിയും മാത്രം വരുന്ന ഇട്ടാവട്ടത്തു പതിനായിരത്തിൽ കൂടുതൽ ജനങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്നത് ഈ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബഹുഭൂരിപക്ഷം പേരും ഉപജീവനത്തിനായി ആശ്രയിക്കുന്ന പരമ്പരാഗത മത്സ്യ ബന്ധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥലമായ 175 മീറ്റർ കര ഭാഗത്താണ് HTL രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് അയഥാർത്ഥമെന്നും, യഥാർഥ HTL ആയ കടൽത്തിട്ട ഭാഗത്തേയ്ക്ക് മാറ്റം വരുത്തണമെന്നും 2017 ലെ നിവേദനനത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ വിജ്ഞാപന പ്രകാരമുള്ള 50 മീറ്റർ കര ഭാഗത്തു നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുമ്പോൾ നിലവിൽ നൽകി വരുന്ന താത്കാലിക നമ്പറിന് പകരം സ്ഥിര നമ്പർ നൽകണമെന്നും ഈ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ CRZ നിയമം, കച്ചവട ലക്ഷ്യത്തോടെ തീരത്തു വരുന്ന വൻകിട ബിസിനസ്കാരേയും, അന്നന്നുള്ള അന്നത്തിനു ഉപജീവനം കഴിയ്ക്കുവാൻ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും തുല്യരായി അനുമാനിക്കുന്നതിനാൽ, പ്രസ്തുത 50 മീറ്റർ ദൂര പരിധി ദുരുപയോഗം ചെയ്യാതിരിക്കുവാൻ കർശന നിയമ നടപടികൾ ഉറപ്പ്  വരുത്തണമെന്നും സർക്കാരിനോട് ഈ ഗ്രാമ വാസികൾ അഭ്യർത്ഥിച്ചിരുന്നു .

 

1.b. അതേ വർഷം തന്നെ, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ പ്രത്യാഘാത ആശങ്കയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർക്ക് വീണ്ടും നിവേദനങ്ങൾ നൽകിയതായി ഞങ്ങൾ മനസ്സിലാക്കുന്നു. വൻകിട ചരക്കു കപ്പലുകൾ തീരം ചേർന്ന് വരുകയും അത് പരമ്പരാഗത തൊഴിലിനെ വർദ്ധിത തോതിൽ ബാധിക്കുമെന്ന ആശങ്ക ഈ ജനത കലക്ടറോട് പങ്കു വച്ചിരുന്നു. ആ നിവേദനനത്തിൽ നമ്പർ 9 . ഇവിടെ അതേപടി പകർത്തുന്നു : ‘ നിലവിലുള്ള ജീവിത സാഹചര്യത്തിൽ സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാനോ, ഒരു സെന്റ് സ്ഥലം വാങ്ങുവാനോ സാധിക്കാതെ ഒരു വീട്ടിൽ പരിമിതമായ സാഹചര്യത്തിൽ രണ്ടും മൂന്നും കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ അവസ്ഥയിൽ അന്താരഷ്ട്ര തുറമുഖം വരുമ്പോൾ നിലവിലുള്ള തൊഴിൽ നഷ്ടപ്പെടുകയും, ഭൂമിയുടെ വില പതിന്മടങ്ങു വർദ്ധിക്കുകയും ചെയ്യുമ്പോഴുള്ള അവസ്ഥ എങ്ങനെ നേരിടും എന്ന ആശങ്ക വലിയൊരു ചോദ്യ ചിഹ്നമായി നിൽക്കുന്നു!’

 

ഈ നിവേദനനത്തിൽ വിവിധ പരിഹാര മാർഗ്ഗങ്ങൾ നിർശിച്ചിരിക്കുന്നു. അതിൽ നമ്പർ 6 , ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമായതിനാൽ അതും അതേപടി ഇവിടെ പകർത്തുന്നു: ‘അടിമലത്തുറയിലെ മുഴുവൻ ഭൂമിക്കും പട്ടയം അനുവദിക്കുക. അതിനായി, 1994 ലെ റീസർവേ പുനർപരിശോധിച്ചു, ആ സമയത്തു സ്ഥാപിച്ച സർവ്വേ കല്ല്, അതിനു ശേഷം രൂപപ്പെട്ട കര ഭാഗം കൂടെ ഉൾപ്പെടുത്തികൊണ്ട്, കടലിനടുത്തേക്ക് മാറ്റി സ്ഥാപിച്ചു കൊണ്ട് അതിന്മേൽ സംസ്ഥാന സർക്കാർ ക്യാബിനറ്റ് മീറ്റിംഗിൽ തീരുമാനിക്കുകയും, കേന്ദ്ര ഗവണ്മെന്റിന്റെ അനുവാദം വാങ്ങിച്, ഈ സ്ഥലം മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുകയും ചെയ്യുക.’

 

അതായത്, ജില്ലാ അധികൃതരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും പുറകെ ഈ കുടുംബങ്ങൾ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു എന്ന് രേഖകളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാവുന്നു.